വഖഫ്​ ഭേദഗതി ബിൽ; കൊൽക്കത്തയിൽ പ്രക്ഷോഭവുമായി സംഘടനകൾ

കേന്ദ്ര സർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ കൊൽക്കത്തയിൽ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ നേതൃത്വത്തിൽ നിരവധി സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും ലോക്‌സഭയിൽ ബില്ല് അവതരിപ്പിക്കുമ്പോൾ അതിനെതിരെ വോട്ട് ചെയ്യണമെന്നുമാണ് സംഘടനകൾ ആവശ്യപ്പെട്ടത്. ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനായി മാർച്ച് 13 ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന ദേശീയ പരിപാടിക്ക് പിന്തുണയുമായാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. വഖഫ്​ ഭേദഗതി ബില്ലിനെതിരായ ഭാവി നടപടികൾ ഡൽഹിയിൽ നടക്കുന്ന റാലിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

ഇത് ഞങ്ങൾക്ക് റമദാൻ മാസമാണ്, പക്ഷേ നിയമനിർമാണത്തിനെതിരെ ഞങ്ങൾ പോരാടിക്കൊണ്ടിരിക്കുമെന്നാണ് പ്രതിഷേധ പരിപാടിയിൽ പ​ങ്കെടുത്തവർ പറഞ്ഞത്. രാജ്യത്ത് പ്രത്യേക നിയമ പദവിയുള്ള ഏക മതകാര്യ ബോർഡ് വഖഫ് ബോർഡല്ലെന്നും സമാനമായ വ്യവസ്ഥകളുള്ള മറ്റു മതകാര്യ ബോർഡുകളുണ്ടെന്നും നേതാക്കൾ വ്യക്​തമാക്കി. വഖഫ് ബോർഡിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കുകയും മറ്റു മതകാര്യ ബോർഡുകൾ അവയുടെ സ്വയംഭരണാധികാരത്തോടെ തുടരുകയും ചെയ്താൽ അത് ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ വ്യക്തമായ ലംഘനമാകും. വഖഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതി ഭരണഘടന ഉറപ്പുനൽകുന്ന മറ്റു നിരവധി മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്നും നേതാക്കൾ വ്യക്​തമാക്കി.

വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തെ കോൺഗ്രസ് നേതാവ് അധീർ ചൗധരിയും പിന്തുണച്ചു. ഇത്തരം നിയമനിർമാണം ഭരണഘടനയുടെ ആത്മാവിനെ നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം പേഴ്സണൽ ബോർഡ് മെമ്പർ മൗലാനാ അബൂതാലിബ് റഹ്‌മാനി, ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ് ബംഗാൾ അമീർ ഡോ. മശീഉർ റഹ്‌മാർ, എസ്ഐഒ സംസ്ഥാന പ്രസിഡൻറ്​ ഇമ്രാൻ ഹുസൈൻ, അഹ്‌ലെ ഹദീസ് സംസ്ഥാന സെക്രട്ടറി മൗലാനാ മഅറൂഫ് തുടങ്ങിയവരും പ്രക്ഷോഭത്തിൽ പ​ങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *