വഖഫ് നിയമത്തിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തം

വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, സംസ്ഥാനത്തെ മുസ്‍ലിം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്‍റെ സർക്കാർ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി രം​ഗത്ത്. ജൈന സമൂഹം സംഘടിപ്പിച്ച വിശ്വ നവ്കർ മഹാമന്ത്ര ദിവസിൽ സംസാരിക്കവെ, ഐക്യത്തിന് വേണ്ടി വാദിച്ച മമത, മതത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. നിങ്ങൾ എന്നെ വെടിവെച്ചാലും എല്ലാ മതങ്ങളുടെയും എല്ലാ ഉത്സവങ്ങളിലും ഞാൻ പങ്കെടുക്കുമെന്നും എന്നേക്കും ഐക്യത്തിനായി ശബ്ദിക്കുമെന്നും ബംഗാളിൽ വിഭജനം ഉണ്ടാകില്ലെന്നും ജീവിക്കുക, ജീവിക്കാൻ അനുവദിക്കുകയെന്നും തൃണമൂൽ നേതാവ് പറഞ്ഞു.

അതേസമയം വഖഫ് നിയമത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ചൊവ്വാഴ്ച മുർഷിദാബാദിലെ ജംഗിപൂരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പോലീസ് വാഹനങ്ങൾ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. പ്രദേശത്ത് വലിയൊരു പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജംഗിപൂരിലും മുർഷിദാബാദിലെ മറ്റ് പ്രദേശങ്ങളിലും നിരവധി സംഘടനകളുടെ പ്രതിഷേധ റാലികൾ നടന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *