റഷ്യ-യുക്രൈൻ യുദ്ധം; സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ അമേരിക്ക: മദ്ധ്യസ്ഥ ചർച്ച അടുത്തയാഴ്ച സൗദിയിൽ

റഷ്യ – യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ അമേരിക്ക. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ അടുത്തയാഴ്ച സൗദി അറേബ്യയിൽ നടക്കും.  

യുഎസ് വിദേശ സെക്രട്ടറി മാർക്കോ റൂബിയോ, സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ നേതൃത്വം നൽകും. റഷ്യയെ പ്രതിനിധീകരിച്ച് ആരാണ് ചർച്ചയ്ക്കെത്തുക എന്ന് ഇപ്പോൾ വ്യക്തമല്ല. യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയാണ് സമാധാന ചർച്ചകൾ നടത്തുന്നത്.

മൂന്ന് വർഷമായി തുടരുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കാണ് തുടക്കമാകുന്നത്. എന്നാൽ സൗദി അറേബ്യയിലെ ചർച്ചകൾക്ക് യുക്രൈനെ ക്ഷണിച്ചിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്‌കി പ്രതികരിച്ചു. വെള്ളിയാഴ്ച ജർമ്മനിയിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സെലൻസ്കിയുടെ പ്രതികരണം.

യുക്രൈനുമായി സഹകരിക്കുന്ന രാജ്യങ്ങളുമായി ആലോചിക്കാതെ ഒരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്‌കി എന്നിവർ തമ്മിൽ കൂടിക്കാഴ്ച സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രതിനിധി മൈക്കൽ മക്കോൾ ഊന്നിപ്പറഞ്ഞു.

ജനുവരി 20 ന് അധികാരമേറ്റതിന് പിന്നാലെ യുക്രൈൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച അദ്ദേഹം പുടിനോടും സെലൻസ്‌കിയോടും ഫോണിൽ സംസാരിച്ചു. അതേസമയം ചർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *