യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തുന്ന ബി.ജെ.പി- ആര്.എസ്.എസ് നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ കെ.പി.സി.സി പ്രതിഷേധം സംഘടിപ്പിക്കുന്നു. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 29ന് പാലക്കാട് ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വൈകിട്ട് 4ന് കോട്ട മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്, കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനകീയ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കും.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അക്രമ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും കൊലവിളി നടത്തുന്ന സംഘ്പരിവാര്ക്കുക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാർ നിസംഗത പുലര്‍ത്തുകയാണെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു കുറ്റപ്പെടുത്തി.