രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. പ്രതിപക്ഷത്തിൻറെ എതിർപ്പ് തള്ളിയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. 13 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് വോട്ടിനിട്ട് ബിൽ പാസാക്കിയത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക്’ ആരംഭിച്ച ചർച്ച, പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.125 വോട്ട് പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിക്ക് 3 വോട്ട് അധികം ലഭിച്ചു. രാജ്യസഭയിൽ ഇൻഡ്യ മൂന്നണിക്ക് 88 അംഗങ്ങളാണ് എന്നിരിക്കെ 7 വോട്ട് അധികമായി നേടി.പ്രതിപക്ഷകൂട്ടായ്മയുടെ കരുത്ത് കൂടിയാണ് തെളിഞ്ഞത്. സോണിയഗാന്ധിയും മല്ലികാർജുന ഖാർഗയും ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്തു.
മുനമ്പത്തിന്റെ രക്ഷയ്കായി ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ ആവശ്യം. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പം വിഷയം പരിഹരിക്കുന്നതെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യം ഭരണകക്ഷി കണ്ടില്ലെന്ന് നടിച്ചു. ചിലവ്യവസ്ഥകളെ എതിർത്തും അനുകൂലിച്ചും ബിഷപ്പുമാർക്കും ഇൻഡ്യാ സഖ്യത്തിനും ഒപ്പമോടി ജോസ് കെ മാണി അസാധ്യമായ മെയ് വഴക്കം പ്രസംഗത്തിൽ തെളിയിച്ചു. ആത്യന്തികമായി ബില്ലിനോട് എതിർപ്പാണെന്നും വ്യക്തമാക്കിയിരുന്നു. ബില്ല് പാസായതിലൂടെ മതേതരത്വത്തിനേറ്റ മുറിവിനെക്കുറിച്ചാണ് പ്രതിപക്ഷ എംപിമാർ സംസാരിച്ചത്.
മുസ്‌ലിം വ്യക്തിനിയമ ബോർഡ് രാജ്യവ്യാപകപ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നിയമമായാൽ ഉടൻ സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ഡിഎംഎയും മുസ്‌ലിം ലീഗും.