രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോ​ഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ എൻ.എ.എഫ്.എൽ.ഡി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ ഒരു നിര്‍ണായക ഇടപെടല്‍ നടത്തുന്നത്.

സംസ്ഥാന ആരോഗ്യ വകുപ്പ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. തുടർന്ന് ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രക്ത പരിശോധനാ ലാബുകള്‍, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കികൊണ്ടാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നിലവില്‍ പ്രധാന മെഡിക്കല്‍ കോളേജുകളിലും ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *