പാകിസ്താൻ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധ സേന മിസൈൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശത്തെ തുടർന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുക. 430 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ഷെഡ്യൂൾ ചെയ്ത മൊത്തം സർവീസിന്റെ മൂന്ന് ശതമാനമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ എന്നീ കമ്പനികളുടെ സർവീസാണ് റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡിഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്‌ല, കെഷോദ്, ബുജ്, ഗ്വാളിയാർ, ഗാസിയാബാദ് ഹിൻഡൻ വിമാനത്താളങ്ങളുടെ പ്രവർത്തനമാണ് മെയ് 10വരെ നിർത്തിവച്ചിരിക്കുന്നത്. കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക് – പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ് നിലവിൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങൾ കൂടി അടച്ചിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. അതേസമയം, പാകിസ്താൻ 147 വിമാനങ്ങൾ റദ്ദാക്കി. അവർ മൊത്തം ഷെഡ്യൂൾ ചെയ്ത സർവീസുകളുടെ 17 ശതമാനം വരും റദ്ദാക്കിയത്.