രാജ്യത്തിനൊപ്പം അണിനിരക്കണമെന്ന് മുഖ്യമന്ത്രി; സാഹചര്യം വിലയിരുത്താൻ ഇന്ന് ഉച്ചക്ക് അടിയന്തര മന്ത്രിസഭാ യോഗം

ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോള്‍ ചെയ്യേണ്ടതെന്നും പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എങ്ങോട്ടേക്കാണ് ഇത് പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്. അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, പാകിസ്ഥാൻ വിപരീത ദിശയിലാണ് കാര്യങ്ങൾ നീക്കുന്നത് അവിടെ നിന്ന് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുകയാണ്. രാജ്യം അത് നല്ല രീതിയിൽ പ്രതിരോധിക്കുന്നുണ്ട്. അതിനൊപ്പം പൂർണമായി അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്താൻ ഉച്ചക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം ചേരും. സർക്കാർ വാർഷിക ആഘോഷങ്ങൾ തുടരുന്നതിലടക്കം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *