യുവാക്കളുടെ പക്വത മുതിർന്ന നേതാക്കൾ കാണിക്കണം; കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മാങ്കൂട്ടത്തിൽ

കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രം​ഗത്ത്. നേതൃമാറ്റവുമായി ബന്ധ​​​പ്പെട്ട് മുതിർന്ന നേതാക്കൻമാർ ദിവസവും പരസ്യമായി വിവാദപ്രസ്താവനകളുമായി രംഗത്തുവരുന്നത് അവസാനിപ്പിക്കണം. വരാൻ പോകുന്നത് അങ്കണ്‍വാടി തെരഞ്ഞടുപ്പ് അല്ല. യുവ നേതാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കളും കാണിക്കണം – പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

ഞങ്ങൾ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ് പാർട്ടിക്കില്ലാത്തത് കൊണ്ടാണ്. കഴിഞ്ഞ 10 വർഷമായി പാർട്ടിയിലെ യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും തല​യെടുപ്പുള്ള മുതിർന്ന നേതാക്കൾ കാണിക്കണം. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്. ദിവസവും രാവിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടി​യെ സംബന്ധിച്ച് വരുന്ന വാർത്തകൾ നാണക്കേടാണ്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുമോ ഇല്ലേ എന്നതിൽ വ്യക്തത വരുത്തണം. എങ്കിൽ മാത്രമേ തുടരുന്നവർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയൂ. വരാൻ പോകുന്നത് അങ്കണവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *