യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായതായി റിപ്പോർട്ട്


ഹെൽസിങ്കി: പ്രമുഖ യുക്തിവാദി നേതാവും ‘റാഷണലിസ്റ്റ് ഇന്റർനാഷണൽ’ സ്ഥാപകനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഫിൻലൻഡിൽ സ്ഥിരതാമസക്കാരനായ സനൽ ഇടമറുകിനെ പോളണ്ടിലെ വാർസോ മോഡ്ലിൻ വിമാനത്താവളത്തിൽവെച്ച് മാർച്ച് 28-ാം തീയതി അധികൃതർ കസ്റ്റഡിയിലെടുത്തെന്നാണ് ഫിൻലൻഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സനൽ ഇടമറുക് അറസ്റ്റിലായതായി ഫിൻലൻഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.

ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനൽ ഇടമറുകിനെ പോളണ്ടിൽ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. പോളണ്ടിൽ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.ഇന്ത്യയിൽ രജിസ്റ്റർചെയ്ത മതനിന്ദ കേസുകളിൽ പ്രതിയാണ് സനൽ ഇടമറുക്. 2012-ലാണ് സനൽ ഇടമറുക് ഇന്ത്യയിൽനിന്ന് ഫിൻലഡിലേക്ക് പോയത്. തുടർന്ന് ദീർഘകാലമായി ഫിൻലൻഡിൽ തന്നെ തുടരുകയായിരുന്നു. റെഡ്കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പോളണ്ടിൽവെച്ച് സനൽ ഇടമറുകിനെ അധികൃതർ കസ്റ്റഡിയിലെടുത്തതെന്നും ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചതായുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

2012-ൽ മുംബൈ വിലെ പാർലെയിലെ കത്തോലിക്ക പള്ളിയിൽ ക്രിസ്തുവിന്റെ പ്രതിമയിൽനിന്ന് വെള്ളം ഇറ്റുവീഴുന്നതായുള്ള പ്രചരണത്തിനു പിന്നാലെയാണ് സനൽ ഇടമറുകിനെതിരേ കേസുകൾ വന്നത്. ക്രിസ്തുവിന്റെ പ്രതിമയിൽനിന്നുള്ള വെള്ളം മലിനജലമാണെന്ന് സ്ഥലം സന്ദർശിച്ചശേഷം സനൽ ഇടമറുക് ആരോപിച്ചു. ഇതോടെ വിശ്വാസികൾ അദ്ദേഹത്തിനെതിരേ തിരിഞ്ഞു. വിവിധയിടങ്ങളിലായി മതനിന്ദ ആരോപിച്ച് അദ്ദേഹത്തിനെതിരേ കേസുകൾ രജിസ്റ്റർചെയ്തു. കത്തോലിക്ക സഭയ്ക്കെതിരേ പറഞ്ഞ കാര്യങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം മാപ്പ് പറയാൻ തയ്യാറായില്ല. തുടർന്ന് മൂന്നുമാസത്തോളം പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞശേഷമാണ് സനൽ ഇടമറുക് ഫിൻലഡിലേക്ക് കടന്നത്. പിന്നീട് ഫിൻലൻഡിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *