മോദിയെ പുകഴ്ത്തിയ ശശി തരൂരിനെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി രം​ഗത്തെത്തിയ കോൺ​ഗ്രസ് എംപി ശശി തരൂരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തരൂരിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്നതായും ആദ്യം ഞാൻ അതിനെ എതിർത്തു എന്ന് പറയുന്നതിലും ഇപ്പോൾ റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിലെ മോദി നയത്തിന്റെ വിജയത്തെ പ്രശംസിക്കുന്നതിലും കാണിക്കുന്ന സത്യസന്ധത പ്രശംസനീയമാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു.

കോൺ​ഗ്രസ് സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച തരൂർ കാണുന്നതായും ശരിക്കും ഒരു നവോന്മേഷദായകമായ കാഴ്ചപ്പാട് എന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരേസമയം റഷ്യക്കും യുക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രിയാണെന്നായിരുന്നു ശശി തതൂർ പറഞ്ഞത്. റഷ്യ – യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട മുൻ നിലപാട് തിരുത്തിയാണ് തരൂരിന്റെ പുതിയ പരാമർശം ഉണ്ടായിരിക്കുന്നത്. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന റേസിന ഡയലോഗിലായിരുന്നു തരൂരിന്റെ ഈ പ്രസ്താവന. ‍

2022ൽ താൻ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നും ശശി തരൂർ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ലന്നായിരുന്നു തരൂരിന്റെ മുൻ വിമർശനം. ഇരു രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി സംസാരിച്ചതല്ലാതെ മോദി യാതൊരു നിലപാടും സ്വീകരിക്കുന്നില്ലെന്നും തരൂർ അന്ന് പറഞ്ഞിരുന്നു. ഈ നിലപാട് തെറ്റായിപ്പോയെന്നാണ് തരൂരിന്റെ പുതിയ വാദം.

Leave a Reply

Your email address will not be published. Required fields are marked *