മോദിയുടെ യുഎസ് സന്ദർശനത്തെ വാഴ്ത്തിയ തരൂരിൻ്റെ ലേഖനം; പരാതി നൽകി ഒരു വിഭാഗം നേതാക്കൾ: പരിശോധിക്കുമെന്ന് സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകില്ലെന്നാണ് സൂചന.

അതേസമയം ശശി തരൂര്‍ എം പിയുടെ നിലപാ‍ട് പരസ്യമായി തന്നെ കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. തരൂരിന്‍റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ദേശീയ വക്താവ് പവന്‍ ഖേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടല്ലെന്നും തീരുവ അടക്കമുള്ള വിഷയങ്ങളില്‍ മോദിയെ ഇരുത്തി വിരട്ടിയ ട്രംപിന്‍റെ നയത്തോട് എങ്ങനെ യോജിക്കാനാകുമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.

മോദിയുടെ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റിലും പുറത്തും കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുമ്പോഴാണ് തരൂരിന്‍റെ തലോടല്‍ എന്നത് കോൺഗ്രസ് നേതൃത്വത്തെ അപ്പാടെ ഞെട്ടിച്ചിട്ടുണ്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടിമുടി വിമര്‍ശിക്കുമ്പോഴായിരുന്നു തരൂരിന്‍റെ പുകഴ്തത്തല്‍ എന്നതും ശ്രദ്ധേയമാണ്.

മോദിയുടെയും ട്രംപിന്‍റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വ്യാപാര മേഖലയില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂര്‍ പറഞ്ഞത്. തരൂരിന്‍റെ പ്രസ്താവനക്ക് പിന്നാലെ മോദി നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം ബി ജെ പി സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്.

വിദേശകാര്യ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ഗ്രാഹ്യവുമില്ലെന്നും തരൂരിനെ അല്ല താന്‍ ഉദ്ദേശിച്ചതെന്നുമുള്ള പാര്‍ലമെന്‍റിലെ പ്രധാനമന്ത്രി ഈയിടെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂര്‍ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത് മുതലിങ്ങോട്ട് തരൂരിന്‍റെ നീക്കങ്ങളെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. പ്രവർത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതു പോലും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയതിൽ എന്ത് നടപടിയുണ്ടാകുമെന്ന് കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *