മെസ്സിക്ക് 2026 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ലൂയിസ് സുവാരസ്

2026-ലെ ലോകകപ്പ് കളിക്കാന്‍ ലയണല്‍ മെസ്സിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഇന്റര്‍ മിയാമിയിലെ സഹതാരം ലൂയിസ് സുവാരസ് രം​ഗത്ത്. മെസ്സിയുമായി വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയടീമില്‍നിന്ന് ഇല്ലാത്തതിനാല്‍ തനിക്ക് സാധ്യത വിരളമാണെന്നും സുവാരസ് വ്യക്തമാക്കുകയുണ്ടായി.

വിരമിക്കലിനെക്കുറിച്ച് ഞങ്ങള്‍ പലതവണ തമാശ രൂപേണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, അവന് അടുത്ത വര്‍ഷത്തെ ലോകകപ്പുകൂടി കളിക്കാനുള്ള ആഗ്രഹമുണ്ട്. ദേശീയ ടീമില്‍ കുറച്ചുകാലമായി ഇല്ലാത്തതിനാല്‍ എന്നെ സംബന്ധിച്ച് ആ ആഗ്രഹം വിരളമാണ്. പക്ഷേ, അപ്പോഴും ഞങ്ങള്‍ വിരമിക്കലിനെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല, എന്നാണ് സുവാരസ് പറഞ്ഞത്. ലോകകപ്പില്‍ മെസ്സി കളിക്കുമോ എന്നതു സംബന്ധിച്ച് ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഇഷ്ടമെന്താണെന്ന് തനിക്കറിയാമെന്നും അത് കാലം പറയുമെന്നും സുവാരസ് വ്യക്തമാക്കി.

തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിനും സുവാരസ് മറുപടി പറഞ്ഞു. എത്രകാലം കളിക്കാന്‍ കഴിയുമെന്നറിയില്ല, പക്ഷേ, കളിക്കാനും മത്സരിക്കാനുമുള്ള ആഗ്രഹത്തിന്റെ ജ്വാല ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ കാനഡ, മെക്‌സിക്കോ, യുഎസ്എ എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുക.

രണ്ട് മാസങ്ങള്‍ക്കപ്പുറം 38 വയസ്സ് തികയുന്ന മെസ്സി, അടുത്തവര്‍ഷത്തെ ലോകകപ്പ് കളിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി അഞ്ച് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ മെസ്സി, 2022-ലെ ഖത്തര്‍ ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതും മെസ്സിയെത്തന്നെയായിരുന്നു. ആദ്യമത്സരത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയശേഷമായിരുന്നു അര്‍ജന്റീനയുടെ കുതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *