‘മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നെന്ന് സുധാകരൻ തന്നെ പറയുന്നു, പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ല’; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിൽ നടക്കുന്നത് പൊട്ടിത്തെറിയാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്‌നമല്ല. കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല. തന്നെ മൂലയ്ക്ക് ഇരുത്താൻ ശ്രമിക്കുകയാണെന്ന് സുധാകരൻ തന്നെ പറയുന്നുണ്ട് എന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

അതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ സുധാകരൻ കണ്ടു. എകെ ആന്റണിയെ കണ്ട് വിഷയത്തിൽ പരാതി അറിയിച്ചിരിക്കുകയാണ് കെ സുധാകരൻ. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും പൊതുചർച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അനാരോ?ഗ്യമുണ്ടെന്ന് ചിലർ മനപൂർവം പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സുധാകരൻ ആന്റണിയെ കണ്ടത് കേന്ദ്ര തീരുമാനത്തെ കൂടി സ്വാധീനിക്കാൻ ആണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സുധാകരൻ ആൻറണിയെ കാണാനെത്തിയത്.

അതേ സമയം തന്നെ പെട്ടെന്ന് മാറ്റാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞത്. മൂന്നേമുക്കാൽ വർഷം താൻ നടത്തിയ പ്രവർത്തനങ്ങളിൽ കേന്ദ്ര നേതൃത്വം തൃപ്തരാണെന്ന വാദമാണ് ഇതിന് കാരണമായി കെ സുധാകരൻ ചൂണ്ടിക്കാട്ടിയത്. നിർണായകമായ ഒരു രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് കെ സുധാകരൻ എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. മാറ്റം ഉണ്ടെങ്കിൽ പറയും. തിങ്കളാഴ്ച അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് ആര് പറഞ്ഞു എന്നായിരുന്നു കെ സിയുടെ ചോദ്യം. പാർട്ടിക്കൊരു സംവിധാനമുണ്ട്. പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇതുവരെ പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിനെതിരെ ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

പാർട്ടിയുടെ സിസ്റ്റത്തിന് അനുസരിച്ച് പാർട്ടി പ്രവർത്തിക്കും. നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാം. അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയായ ഉറവിടത്തിൽ നിന്നുള്ളതല്ല. നടന്ന ചർച്ചകളെ പറ്റി അറിയാതെ മാധ്യമങ്ങൾ തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായി ഇതുവരെ മീറ്റിങ്ങും ഉണ്ടായിട്ടില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *