കൊൽക്കത്ത: മുർഷിദാബാദ് സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പതിനായിരത്തോളം പേർ മുർഷിദാബാദിൽ സംഘടിച്ചെന്നും ദേശീയപാത അടക്കം തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ബംഗാൾ സർക്കാരിൻറെ റിപ്പോർട്ടിലുണ്ട്. അക്രമകാരികൾ പൊലീസിന് നേരെ കല്ലേറ് നടത്തുകയും പൊലീസുകാരുടെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സർക്കാർ വ്യക്തമാക്കി. പ്രദേശത്തെ വീടുകൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. നിലവിൽ സംഘർഷം നിയന്ത്രിക്കാൻ ആയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മുർഷിദാബാദിൽ പതിനായിരത്തോളം പേർ സംഘടിച്ചു, വീടുകളും ആരാധനാലയങ്ങളും ആക്രമിച്ചെന്ന് സർക്കാരിൻറെ റിപ്പോർട്ട്
