മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് തേക്കടിയിലെത്തി. 10 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ടാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. തകരാറിലായതിനെ തുടർന്ന് 15 വർഷം മുൻപ് ബോട്ട് കരക്കടുപ്പിച്ചു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ അണക്കെട്ടിലെത്തിയിരുന്നത്. ഇതുമൂലം പലപ്പോഴും പരിശോധന മുടങ്ങിയിരുന്നു.
2021 ൽ മുന്നറിയിപ്പില്ലാതെ പലതവണ തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നു വിട്ടു. ഈ സമയത്ത് വള്ളക്കടവിലെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി ജലവിഭവ വകുപ്പിന് പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്നര വർഷത്തിനു ശേഷം പുതിയ ബോട്ട് തേക്കടിയിലെത്തിച്ചു. 12,00,000 രൂപയാണ് ബോട്ടിൻറെ വില.
അര മണിക്കൂർ കൊണ്ട് ഈ ബോട്ടിൽ തേക്കടിയിൽ നിന്നും മുല്ലപ്പെരിയാർ അണക്കെട്ടിലെത്താൻ കഴിയും. ഉദ്യോഗസ്ഥരുടെ സൗകര്യം പരിഗണിച്ചാണ് ഇപ്പോൾ പുതിയ ബോട്ട് എത്തിച്ചത്. മുമ്പുണ്ടായിരുന്ന ബോട്ടിൻറ ഗതി വരാതിരിക്കാനുള്ള കർശന നിർദേശങ്ങളും ഉദ്യോഗസ്ഥർക്ക് ഇതിനോടകം മന്ത്രി റോഷി അഗസ്റ്റ്യൻ നല്കിയിട്ടുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ട് മാസമായി കട്ടപ്പുറത്താണ്. ബോട്ടിന്‍റെ വിലയായ 39.5 ലക്ഷം രൂപ ബോട്ട് നിർമ്മിച്ച കമ്പനിയ്ക്ക് നൽകിട്ടില്ല. ഇതേത്തുടർന്ന് ബോട്ട് സർവീസ് ചെയ്യാനാകില്ലെന്ന് കമ്പനി നിലപാട് എടുത്തതോടെയാണ് കരയ്ക്ക് കയറ്റേണ്ടി വന്നത്.