മുനമ്പം ജനതയെ ബി.ജെ.പി വഞ്ചിച്ചു; പ്രചരിപ്പിച്ചത് കല്ലുവെച്ച നുണയെന്ന് കെ.സി വേണുഗോപാല്‍

മുനമ്പം ജനതയോടുള്ള ബി.ജെ.പിയുടെ വഞ്ചന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് വിശ്വാസികളെ വഞ്ചിച്ച ബി.ജെ.പി മാപ്പുപറയണമെന്നും മുനമ്പം വിഷയത്തില്‍ ബി.ജെ.പി പ്രചരിപ്പിച്ച കല്ലുവെച്ച നുണയാണ് അവരുടെ തന്നെ മന്ത്രി കിരണ്‍ റിജിജു തിരുത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ബി.ജെ.പി ബോധപൂര്‍വം പ്രചരിപ്പിച്ചത് കത്തോലിക്ക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. സാമുദായിക സംഘര്‍ഷത്തിലൂടെ മുതലെടുപ്പ് രാഷ്ട്രീയത്തിന് ഒരുക്കിയ ബി.ജെ.പിയുടെ തിരക്കഥയാണ് ഇപ്പോള്‍ തകര്‍ന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് സംഘ്പരിവാര്‍ അജണ്ടയെന്നും അതിനായി അവര്‍ മുനമ്പം വിഷയത്തെ കൂട്ടുപിടിച്ചെന്നുമാത്രമെന്നും അദ്ദേഹം തുറന്നടിച്ചു.

ബി.ജെ.പിയുടെ പൊയ്മുഖമാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്. ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിധരിപ്പിച്ച് രക്ഷനെന്ന് സ്വയം നടിക്കുന്ന ബി.ജെ.പി യഥാർഥത്തില്‍ ന്യൂനപക്ഷങ്ങളുടെ ആകെ ശത്രുവാണ്. ആന്തരിക ഭീഷണിയായിട്ടാണ് ബി.ജെ.പി ന്യൂനപക്ഷങ്ങളെ കാണുന്നത്. അധികാര സ്വാധീനം വളര്‍ത്താന്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള കപട സ്‌നേഹം മാത്രമാണ് ബി.ജെ.പിക്ക് ക്രൈസ്തവ സമൂഹത്തോടുള്ളതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുനമ്പത്തെ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെയും വഖഫ് ബോര്‍ഡിന്റെയും നിലപാടാണ് മുനമ്പം പ്രശ്‌നം അനന്തമായി നീണ്ടുപോയതെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *