മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഭൂപേഷ് ബാഗേലിന്റെ വസതികളിൽ സിബിഐ റെയ്ഡ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കോൺ‍​ഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ഛത്തീസ്​ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാ​​ഗേലിന്റെ വസതികളിൽ‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡിനായി സിബിഐ സംഘം ബാ​ഗേലിന്റെ റായ്പ്പൂരിലെയും ഭിലായിലെയും വസതികളിൽ‍ എത്തിയത്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ‍ പോവുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിൽ അറിയിച്ചു.

സിബിഐ നടപടിയിൽ കോൺ​​ഗ്രസോ ബാ​ഗേലോ പേടിക്കില്ലെന്നാണ്‌ ഛത്തീസ്​ഗഢ് കോൺ​ഗ്രസ് കമ്യൂണിക്കേഷൻ വിങ് മേധാവി സുശീൽ ആനന്ദ് ശുക്ല പറഞ്ഞത്. ബാ​ഗേൽ‍ പാർട്ടിയുടെ പഞ്ചാബ് ഇൻചാർജായി നിയോ​ഗിക്കപ്പെട്ടതു മുതൽ ബിജെപി ഭയന്നിരിക്കുകയാണെന്നും ആദ്യം ഇഡിയെ പറഞ്ഞയച്ചു, ഇപ്പോഴിതാ സിബിഐയെയും ബിജെപിയുടെ ഭയമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാദേവ് അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഫയൽ ചെയ്ത 70 കേസുകൾ അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ കഴിഞ്ഞവർഷം സിബിഐക്ക് അനുമതി നൽകിയിരുന്നു.‌ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ഇഡി 2,295 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മാർച്ച് 10ന് മദ്യ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗേലിന്റെ വസതിയിലും മകൻ ചൈതന്യ ബാഗേലിന്റെ വസതിയിലും ഉൾപ്പെടെ ദുർഗ് ജില്ലയിലെ 14 സ്ഥലങ്ങളിൽ ഇഡി തുടർച്ചയായി റെയ്ഡ് നടത്തിയതിന് ശേഷമാണ് ഇപ്പോഴത്തെ പരിശോധന. അന്നത്തെ റെയ്ഡിൽ തന്റെ വസതിയിൽ‍നിന്ന് 33 ലക്ഷം രൂപ കണ്ടെത്തിയതായി ബാ​ഗേൽ എക്സിൽ കുറിച്ചിരുന്നു. എന്നാൽ‍ ആ പണം കൃഷി, ഡയറി ഫാം, കുടുംബ സമ്പാദ്യം എന്നിവയിൽ നിന്നുള്ള വരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *