മംഗളൂരുവിലെ സംഘ്പരിവാർ ആൾക്കൂട്ടക്കൊലയിൽ കൃത്യമായ അന്വേഷണം ഉറപ്പ് ലഭിച്ചെന്ന് ചെന്നിത്തല

മംഗളൂരുവിലെ സംഘ് പരിവാർ കൂട്ടക്കൊലയിൽ കൃത്യമായ അന്വേഷണം ഉറപ്പ് ലഭിച്ചെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. കർണാടക ആഭ്യന്തരമന്ത്രി സി പരമേശ്വരയുമായി ഇക്കാര്യം സംസാരിച്ചെന്നും സത്വര നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചതായും ചെന്നിത്തല വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടക്കും എന്നുറപ്പ് ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറ‍ഞ്ഞു.

സംഭവത്തെക്കുറിച്ച് പ്രാദേശിക പാർട്ടി പ്രവർത്തകരാണ് അറിയിച്ചതെന്നും ആൾക്കൂട്ട കൊലപാതകങ്ങളും ആൾക്കൂട്ട അക്രമങ്ങളും നടക്കാൻ പാടില്ലാത്ത സംഭവമാണെന്നും ആക്രമണത്തിന് പിന്നിൽ ആരാണെന്ന് പോലീസ് കണ്ടെത്തട്ടെയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരത്തെ അറിയിച്ചിരുന്നു. അഷ്‌റഫിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആണ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം നടന്നത്. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്.കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. പ്രതികൾ ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകരാണ്.

Leave a Reply

Your email address will not be published. Required fields are marked *