ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള ‘2024 വൈആര്‍4’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയതാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം. നിലവിൽ ഇത് ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്.

2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ) വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ, അതൊരു ചെറിയ നഗരത്തെ മുഴുവനായും നശിപ്പിച്ചേക്കാം.

2024 വൈആര്‍4 ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടി സാധ്യത ശാസ്ത്രജ്ഞരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ ഛിന്നഗ്രഹത്തിന്‍റെ ആഘാതം ഇന്ത്യ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ യഥാർഥ വലിപ്പം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവില്‍ ഈ ഛിന്നഗ്രഹത്തെ ഭൂതല ദൂരദർശിനികൾ വഴി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ സ്വാധീനം കാരണം അതിന്‍റെ യഥാർത്ഥ വലിപ്പം കൃത്യമായി കണക്കാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *