ഭരണം കിട്ടിയാല്‍ തന്നെ എങ്ങനെ ഭരിക്കും, എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകാന്‍ അടിയെന്ന് ശൈലജ; തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് സതീശന്‍

2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സംബന്ധിച്ച് നിയമസഭയില്‍ നടന്ന പൊതുചര്‍ച്ചയിൽ പരസ്പരം വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മട്ടന്നൂര്‍ എം.എല്‍.എ. കെ.കെ.ശൈലജയും. കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന ഈ വികസന തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്‍.ഡി.എഫ്. സര്‍ക്കാരിന് വികസന തുടര്‍ച്ചയുണ്ടാകുമെന്നുമാണ് കെ.കെ.ശൈലജ പറഞ്ഞത്.

ഇനി അഥവാ നിങ്ങള്‍ക്ക് ഭരണം കിട്ടിയാല്‍ തന്നെ എങ്ങനെ ഭരിക്കും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകേണ്ടേയെന്നും ശൈലജ പരിഹസിച്ചു. എത്രയാളുകളാണ് നിങ്ങളുടെ കൂടെ നിന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നതെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പോലെ ഇന്ത്യ ഭരിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ അപചയമാണിതെന്ന് കെ.കെ.ശൈലജ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയാകുകയെന്നതൊക്കെ പിന്നീടുള്ള കാര്യമല്ലേ, ഇപ്പോള്‍ നിങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളല്ലേയെന്നും ശൈലജ ചോദിച്ചു. ഒരാള്‍ പറഞ്ഞത് മുഖ്യമന്ത്രിയാകാന്‍ ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങേണ്ട കാര്യമില്ലെന്നാണ്. അപ്പോഴാണ് മുസ്‌ലീം ലീഗിന് തോന്നിയത് ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമെന്നത്. ഞങ്ങള്‍ ഇതൊന്നുമല്ല കാണുന്നതെന്നും ശൈലജ പറഞ്ഞു.

ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്ന നിലയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന നിലയ്ക്ക് അതിന് താന്‍ മറുപടി പറയണ്ടേയെന്നാണ് വി.ഡി. സതീശന്‍ ചോദിച്ചത്. കോണ്‍ഗ്രസില്‍ അഞ്ചാറ് മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നും പാര്‍ട്ടി നശിച്ചുപോയിയെന്നുമാണ് ശൈലജ ടീച്ചര്‍ പറയുന്നത്. എന്നാല്‍, തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വി.ഡി. സതീശന്‍ മറുപടി നല്‍കി.

ശൈലജ ടീച്ചര്‍ക്ക് വലിയ വിഷമം ഉണ്ടാകും. കാരണം ടീച്ചര്‍ ഒരു പി.ആര്‍.ഏജന്‍സിയൊക്കെ വെച്ച് മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയത് കൊണ്ടാണ് ട്രഷറി ബെഞ്ചില്‍ ഇരിക്കേണ്ട ടീച്ചര്‍ ഇപ്പോള്‍ ഇവിടെ ഇരിക്കുന്നത്. അതിനുവെറുതേ ഞങ്ങളുടെ മീതെ കയറരുതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കവുമില്ല. കുറച്ച് പുറത്തുള്ള ആളുകളും മീഡിയയും ചേര്‍ന്ന് നല്‍കുന്ന നരേറ്റീവുകളാണ് ഇവയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *