ക്രിക്കറ്റ് പരമ്പരകൾക്ക് കുടുംബത്തെ കൊണ്ടുപോകുന്നതിന് ബി.സി.സി.ഐ നൽകുന്ന വിലക്കിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി. പരമ്പരകളിലെ കഠിനമായ സമയത്തിലൂടെ പോകുമ്പോൾ കുടംബത്തിന്‍റെ സാന്നിധ്യം വലിയ പങ്കുവെക്കുന്നുണ്ടെന്ന് വിരാട് കോഹ്ലി പറഞ്ഞു. മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന വേളയിൽ കൂടെ നിൽക്കാൻ കുടുംബം ഉള്ളത് ഒരുപാട് ഉപകാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരോട് കുടംബം എപ്പോഴും വേണമോ എന്ന് ചോദിച്ചാൽ വേണം എന്ന മാത്രമേ അവർ പറയുകയുള്ളൂ. മുറിയിൽ പോയി ഒറ്റക്ക് ഇരുന്ന് വിഷമിക്കാൻ വയ്യ. എനിക്ക് നോർമൽ ആകണം എന്നാൽ മാത്രമെ നിങ്ങളുടെ ഗെയിം നിങ്ങളുടെ ഉത്തരവാദിത്തമായി മാറുകയുള്ളൂ. ആ ഉത്തരവാദിത്തത്തിന് ശേഷം നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും വിരാട് കൂട്ടിച്ചേർത്തു.
ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 3-1 ന് പരാജയപ്പെട്ടതിനെ തുടർന്ന് ബി.സി.സി.ഐ ടൂറുകളിൽ കളിക്കാരുടെ കുടുംബ സമയം പരിമിതപ്പെടുത്തുന്ന നിർദ്ദേശങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് വിരാടിന്റെ ഈ അഭിപ്രായങ്ങൾ. പുതിയ നിയമമനുസരിച്ച് 45 ദിവസത്തിൽ കൂടുതലുള്ള ഒരു പര്യടനത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം കളിക്കാരുടെ അടുത്ത കുടുംബാംഗങ്ങൾ, പങ്കാളികൾ, കുട്ടികൾ എന്നിവർക്ക് 14 ദിവസത്തേക്ക് മാത്രമേ കളിക്കാരുമായി ഒന്നിച്ച നിൽക്കാൻ സാധിക്കുകയുള്ളൂ.