ബി.ജെ.പിക്ക് കൈകൊടുത്ത് എ.ഐ.എ.ഡി.എം.കെ; നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും

അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ നിർണായക നീക്കവുമായി എ.ഐ.എ.ഡി.എം.കെ രം​ഗത്ത്. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പിക്കൊപ്പമാകും തെരഞ്ഞെടുപ്പ് നേരിടുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സീറ്റ് വിഭജനമുൾപ്പെടെ മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അമിതാ ഷാ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷനുമായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുക. തമിഴ്നാട്ടിലെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെച്ച് ഡി.എം.കെ സർക്കാർ സനാതന ധർമത്തിന്‍റെയും ത്രിഭാഷ പദ്ധതിയുടെയും പേരിൽ വിവാദമുയർത്തുകയാണെന്നും അമിതാ ഷാ ചെന്നൈയിൽ വ്യക്തമാക്കി.

അതേസമയം എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി നൈനാർ നാഗേന്ദ്ര തമിഴ്‌നാട്‌ ബി.ജെ.പി അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാഗേന്ദ്രൻ മാത്രമാണ്‌ നാമനിർദേശം നൽകിയത്‌. നേരത്തെ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയുമായി എ.ഐ.എ.ഡി.എം.കെ നേതൃത്വം ഇടഞ്ഞിരുന്നു. 2023 ൽ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുളള സഖ്യത്തിൽ വിള്ളലുണ്ടാകാൻ പ്രധാന കാരണങ്ങളിലൊന്ന് അണ്ണാമലൈ ആണെന്ന് ആരോപണമുണ്ടായിരുന്നു.

ഡൽഹിയിൽ അമിത് ഷായുമായി പളനിസ്വാമി നടത്തിയ കൂടിക്കാഴ്ചയിൽ അണ്ണാമലൈയെ നിലനിർത്തി സഖ്യം രൂപവത്കരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്ന നാഗേന്ദ്രൻ 2017ലാണ്‌ ബി.ജെ.പിയിൽ അംഗമായത്‌. നിലവിൽ ബി.ജെ.പിയുടെ നിയമസഭ കക്ഷി നേതാവാണ്‌. അണ്ണാമലൈ സ്ഥാനമൊഴിയുന്ന മുറയ്ക്ക് നാഗേന്ദ്ര പാർട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *