ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,750ന് അടുത്തെത്തി. സെന്‍സെക്‌സ് 212 പോയന്റ് ഉയര്‍ന്ന് 59,756ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 17,737ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വാങ്ങുന്നതിന്റെ സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ധനകാര്യം, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ മുന്നേറ്റം തുടരാനാണ് സാധ്യത സാമ്പത്തിക രംഗത്തുള്ളവര്‍ വിലയിരുത്തുന്നു. ഡോളര്‍ സൂചിക 110ല്‍ താഴെയെത്തി. ബ്രെന്റ് ക്രൂഡ് വില 95 ഡോളറിന് മുകളിലെത്തിയത് ആശങ്ക ഉയര്‍ത്തുന്നുമുണ്ട്.
…………
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയില്‍ ഇന്ന് നേട്ടം. ഇന്ന് രാവിലെ 82 രൂപ 13 പൈസയില്‍ ഓപ്പണ്‍ ചെയ്ത രൂപ വൈകിട്ട് 82 രൂപ 50 പൈസയിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ 82 രൂപ 73 പൈസയിലാണ് ഡോളറിനെതിരെ രൂപ ക്ലോസ് ചെയ്തത്. ഒരു യുഎഇ ദര്‍ഹത്തിന് 22 രൂപ 32 പൈസയാണ് ഇപ്പോഴത്തെ നിരക്ക്.
…………
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. റീറ്റെയ്ല്‍ വിഭാഗത്തില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചു. വരുമാനം 42.9 % വര്‍ധിച്ച് 64,936 കോടി രൂപയായി. ജിയോ വരുമാനം 21.3 വര്‍ധിച്ച് 29558 കോടി രൂപയായി.
……………
സംരംഭങ്ങള്‍ക്ക് 2022-23 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര ധനമന്ത്രാലയം. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട കമ്പനികള്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 7 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 31 ആയിരുന്നു അവസാനതീയതി.
…………
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഉയര്‍ച്ച. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില 37680 രൂപയായി. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയാണ് വര്‍ദ്ധിച്ചത്.
………………
മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ച് നിക്ഷേപകര്‍. വന്‍തോതില്‍ വര്‍ധനവുണ്ടാകുന്നതിനിടെയാണ് , കൂടുതല്‍ പേര്‍ നിക്ഷേപം തിരികെയെടുത്തത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കുപ്രകാരം 6,578 കോടി രൂപയാണ് എസ്‌ഐപി അക്കൗണ്ടുകളില്‍നിന്ന് സെപ്റ്റംബറില്‍ പിന്‍വലിച്ചത്. 2021 സെപ്റ്റംബറില്‍ നിക്ഷേപകര്‍ 8,600 കോടി രൂപയാണ് തിരിച്ചെടുത്തത്.
………..
ജല അതോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. റിയാബിന്റെ മുൻ ചെയർമാൻ എൻ.ശശിധരൻനായർ അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണു മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തത്. കെഎസ്ഇബി, കെഎസ്ആർടിസി, ജല അതോറിറ്റി എന്നിവയിലും ശമ്പള പരിഷ്‌കരണ പൊതു ചട്ടക്കൂട് തയാറാക്കാൻ എൻ.ശശിധരൻ നായർ സമിതിയെ ചുമതലപ്പെടുത്തി. നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
………….