ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരള ഗവർണർ

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ രം​ഗത്ത്. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്‍റാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നും ഗവർണർ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു അർലേക്കറുടെ വിമർശനം.

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിയുടെ നടപടിക്കെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ല. ഹരജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒന്നോ, മൂന്നോ മാസമായാലും, അത് ഒരു ഭരണഘടനാ ഭേദഗതിയാകും. കോടതിയാണ് ഭരണഘടന ഭേദഗതി ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്‍റും എന്തിനാണെന്നും അർലേക്കർ ചോദിച്ചു.

ഭേദഗതിക്കുള്ള അധികാരം പാർലമെന്‍റിനാണ്. ഭരണഘടന ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. അവിടെയിരുന്നു രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നെന്നും ഗവർണർ പ്രതികരിച്ചു.

ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്നാൽ, അതു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈകോടതികളും സുപ്രീംകോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു. അതിനു പല കാരണങ്ങളുണ്ടാകും. സുപ്രീംകോടതി ജഡ്ജിമാർക്ക് കാരണങ്ങളുണ്ടെങ്കിൽ, ഗവർണർമാർക്കും കാരണങ്ങളുണ്ടാകും. അത് അംഗീകരിക്കണമെന്നും അർലേക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *