എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചിരിക്കേ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. എംപുരാന്റെ ആഗോള കളക്ഷൻ 200 കോടിയിലെത്തിയെന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അവർ പൃഥ്വിരാജിന് പിന്തുണയുമായെത്തിയത്. പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ പരാമർശിച്ചുകൊണ്ട് സുപ്രിയ എഴുതിയത്. പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു.
പൃഥ്വിരാജിന്റെ അമ്മകൂടിയായ നടി മല്ലിക സുകുമാരൻ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് മല്ലികയ്ക്കും സുപ്രിയയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ എത്തിയിരുന്നു. സുപ്രിയ അർബൻ നക്സലാണെന്നും ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്നുമായിരുന്നു ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളടക്കം രംഗത്തത്തിയിരുന്നു.