ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യവും കശ്മീർ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിൽ ഭീകരരുടെ ഒളിത്താവളം തകർത്തു. സുരാൻകോട്ട് വില്ലേജിലുള്ള ഭീകരരുടേതെന്ന് സംശയിക്കുന്ന ഒളിത്താവളമാണ് സൈന്യത്തിന്റെ റോമിയോ ഫോഴ്സ് തകർത്തത്. ഇവിടെനിന്ന് 5 ഐഇഡികൾ, റേഡിയോ സെറ്റുകൾ, ബൈനോക്കുലർ എന്നിവ കണ്ടെടുത്തു. ടിഫിൻ ബോക്സിലും സ്റ്റീൽ ബക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ഐഇഡി. ഇതിന്റെ ചിത്രങ്ങൾ കശ്മീർ പൊലീസ് പുറത്തുവിട്ടു.
അതേസമയം ജമ്മുകശ്മീരിൽ ഭീകരർക്ക് സഹായം നൽകുന്നവരെ കണ്ടെത്താൻ നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. സംസ്ഥാന വ്യാപകമായി 2800 പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണെന്നും, 90 പേർക്കെതിരെ കേസെടുത്തെന്നും കശ്മീർ ഐജി അറിയിച്ചു.