പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽനിന്നിറങ്ങി ഓടി; ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് മരിച്ചത്. 42 വയസായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാൽ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിച്ചു.

പരിക്കുപറ്റിയും മറ്റും തെരുവില്‍ കിടക്കുന്ന നായകളെയും പൂച്ചകളെയും എടുത്തുകൊണ്ടുപോയി ശുശ്രൂഷിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു സിജോയ്ക്ക്. അവിവാഹിതനായ സിജോ ഒറ്റയ്ക്കായിരുന്നു താമസം. പരിക്കുപറ്റിയ മൃഗങ്ങളെ എടുത്തുകൊണ്ടുപോയി വീടിന്റെ മുകളിലത്തെ നിലയില്‍ താമസിപ്പിച്ച് ഭക്ഷണവും പരിചരണവും നല്‍കിയിരുന്നു. മൃഗങ്ങളോട് ഏറെ കരുണകാണിച്ചിരുന്ന വ്യക്തിയായിരുന്നു സിജോ. അതുകൊണ്ടുകൂടിയാണ് തിരക്കേറിയ റോഡിന് നടുവില്‍നിന്ന പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ സിജോ ഇറങ്ങിയതും.

Leave a Reply

Your email address will not be published. Required fields are marked *