പുട്ടുപൊടിയിൽ കടത്തിയത് കോടികളുടെ ലഹരി

കേരളത്തിൽ നിന്നുള്ള ബ്രാൻഡഡ് പുട്ടുപൊടിയും അരിപ്പൊടിയുമെന്ന പേരിൽ കടത്തിയത് 33 കോടിയുടെ ലഹരി വസ്തുക്കൾ. തൂത്തുക്കുടിയിൽ നിന്ന് മാലിദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ ഹഷീഷ് ഓയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഷ്വേ ലിൻ യോനെ എന്ന ടഗ് ബോട്ടിലാണ് വലിയ രീതിയിൽ ലഹരി വസ്തുക്കൾ കടത്തിയത്.

തൂത്തുക്കുടി തുറമുഖത്ത് നിന്ന് മാർച്ച് 4ന് പുറപ്പെട്ട ബാർജിലാണ് അരിപ്പൊടിയെന്ന പേരിൽ ലഹരി വസ്തുക്കൾ കടത്തിയത്. ബാർജ് പുറപ്പെട്ട ശേഷം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമുദ്രാതിർത്തി പിന്നിടും മുൻപ് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് ഡിആർഐ പിടികൂടിയത്. ഗൾഫ് ഓഫ് മാന്നാറിന്റെ തെക്കൻ മേഖലയിൽ വച്ചാണ് കോസ്റ്റ് ഗാർഡ് ബാർജ് പരിശോധിച്ചത്. രഹസ്യ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ 40 മണിക്കൂർ എടുത്താണ് കപ്പൽ തൂത്തുക്കുടിയിലേക്ക് എത്തിച്ചത്.

നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളവരിൽ 9 പേർ ബാർജിലെ ജീവനക്കാരും തൂത്തുക്കുടിയിൽ നിന്നുള്ള രണ്ട് പേരുമാണ്. പ്രമുഖ ബ്രാൻഡുകളുടെ പുട്ടുപൊടി, റവ പാക്കറ്റുകളിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇതിനൊപ്പം ഓർഗാനിക് ബ്രാൻഡിന്റെ കവറുകളും ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. ബോട്ടിൽ ഉണ്ടായിരുന്ന ഇന്തൊനീഷ്യ സ്വദേശികൾ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *