പി വി അൻവർ യുഡിഎഫിലേക്ക്. അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ മുന്നണി ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ് പാർട്ടിയെ മുന്നണിയിലെടുക്കാൻ യുഡിഎഫ് നേരത്തെ വിസമ്മതിച്ചിരുന്നു. പകരം പി വി അൻവർ ഒരു പുതിയ പാർട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് വരിക, അല്ലെങ്കിൽ മുന്നണിയിലെ മറ്റേതെങ്കിലും ഘടകകക്ഷിയിൽ ലയിപ്പിച്ച് യുഡിഎഫിലെത്തുക തുടങ്ങിയ സാധ്യതകളാണ് മുന്നിൽ വെച്ചിട്ടുള്ളത്.
പി വി അൻവറുമായി സിഎംപി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ചർച്ച വിജയിച്ചാൽ അൻവറിന് സിഎംപിയിലൂടെ യുഡിഎഫിലെത്താം. അൻവറിന് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. കോഴിക്കോട് നടന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.