പാഠ്യപദ്ധതിയില്‍ പുതിയ വിദ്യാഭ്യാസ നയപ്രകാരം പരിഷ്‌കരണം നടത്താന്‍ യുജിസി നിര്‍ദേശം നല്‍കി

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം(NEP 2020) സര്‍വകലാശാലകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ കോളേജുകളിലേയും അക്കാദമിക്ക് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ യുജിസി നിര്‍ദേശം നല്‍കി. പരിഷ്‌കരിച്ച പാഠ്യപദ്ധതിയില്‍ ജീവിത നൈപുണ്യങ്ങളും അനുഭവപരിചയത്തിലൂടെയുള്ള പഠനാവസരങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് യുജിസി നൽകിയിട്ടുള്ള നിര്‍ദേശം. പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്ക്‌ ഉപകരിക്കാത്ത കാലഹരണപ്പെട്ട രീതികള്‍ ഉപേക്ഷിച്ച് കൂടുതല്‍ അര്‍ത്ഥവത്തും പ്രായോഗികവുമായ ഒരു അക്കാദമിക് അനുഭവം സൃഷ്ടിക്കാനാണ് ഈ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നത്. പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ നടത്തുമ്പോള്‍ പ്രധാനപ്പെട്ട ദേശീയ അക്കാദമിക് ചട്ടക്കൂടുകള്‍ ഉപയോഗിക്കാന്‍ യുജിസി അതിന്റെ ഉപദേശകക്കുറിപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക്, നാഷണല്‍ ഹയര്‍ എഡ്യൂക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്, ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പാഠ്യപദ്ധതി, ക്രെഡിറ്റ് ചട്ടക്കൂട്, ബിരുദാനന്തര പഠനത്തിനായുള്ള സമാനമായവ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, ഹ്രസ്വകാല നൈപുണ്യ അധിഷ്ഠിത മൊഡ്യൂളുകള്‍, വ്യവസായ സംബന്ധമായ ഇന്റേണ്‍ഷിപ്പുകള്‍, അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടുത്തിയ ബിരുദ പ്രോഗ്രാമുകള്‍ എന്നിവ തങ്ങളുടെ അധ്യാപനത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അക്കാദമിക് വിദഗ്ധരോടും അധ്യാപകരോടും ഭരണകര്‍ത്താക്കളോടും കമ്മീഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം കൂടുതല്‍ പ്രസക്തവും ഫലപ്രാപ്തിയുള്ളതും ആക്കുന്നതിനായി വ്യവസായ പ്രമുഖരുമായി സംവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇതില്‍ ഊന്നിപ്പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *