ശ്രീനഗർ: വ്യാഴാഴ്ച നടന്ന ബ്രിഗേഡിയർതല ചർച്ചയിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. അതിർത്തി മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്തിരിയണമെന്ന് ഇന്ത്യ ഫ്‌ലാഗ് മീറ്റിൽ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇത്തരം നടപടികൾ പാക്കിസ്ഥാൻ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ ഇന്ത്യ അറിയിച്ചു. കശ്മീരിലെ പൂഞ്ചിലാണ് വ്യാഴാഴ്ച സൈനികതല ചർച്ച നടന്നത്.
അതേസമയം അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയുടെ കാര്യത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായം പ്രകടിപ്പിക്കാതെ ഒഴിഞ്ഞുമാറി. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂർ റാണ കനേഡിയൻ പൗരനാണെന്നും രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം പാകിസ്ഥാനി രേഖകൾ പുതുക്കിയിട്ടില്ലെന്നും പാകിസ്ഥാന വിദേശകാര്യ മന്ത്രാലയം വക്താവ് ഷഫാഖത്ത് അലി ഖാൻ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിൽ തഹാവൂർ റാണയുമായുള്ള വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് കനത്ത സുരക്ഷയിൽ റാണയെ എൻഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്ക് തഹാവൂർ റാണയെ മാറ്റുമെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂർ റാണയെ ദില്ലയിൽ എത്തിക്കുന്നതിൻറെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.