പെഹൽഗാം ആക്രമണണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. പാക് വ്യോമതിർത്തിയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടിക്ക് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം.
പാകിസ്ഥാൻ യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതേസമയം, പാകിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല.
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തിയ പാകിസ്ഥാൻ തീരുമാനത്തിന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
ഏപ്രിൽ 22-നാണ് പഹൽഗാമിലെ ബൈസരൺവാലിയിൽ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് വെടിയേറ്റ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. പാകിസ്ഥാനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.