പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.
അതേസമയം, പഹൽഗാം ഭീകരാക്രമണം കാരണമാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ആണ് ഇക്കാര്യം പറഞ്ഞത്. സ്ഥിതി കൂടുതൽ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാക്കിസ്ഥാൻ സൈനിക ആക്രമണം നടത്തിയാൽ ശക്തമായി നേരിടുമെന്നും ജയശങ്കർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂരിൽ അവസാനിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും തയ്യാറായിരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശം നൽകി. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.