പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ. പാകിസ്താനിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറച്ചു. ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള നീരൊഴുക്ക് ഇന്ന് കുറച്ചു. അതേസമയം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യ പൂർണ പിന്തുണ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം നിയന്ത്രണ രേഖയിൽ പാകിസ്താൻ പ്രകോപനം തുടര്‍ന്നു. പാക് പോസ്റ്റുകളിൽ നിന്നും വീണ്ടും വെടിവെപ്പുണ്ടായി. പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ ഭീകരരുടെ താവളം സുരക്ഷാ സേന തകർത്തു. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് വെടിവെപ്പ് ഉണ്ടായത്. ശക്തമായ തിരിച്ചടി പാകിസ്താന് നൽകിയെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.അതിനിടെ പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ ഭീകരരുടെ താവളം തകർത്തു.
അതിര്‍ത്തിയില്‍ ഇന്ത്യൻ സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ബങ്കറുകളും സജജമാക്കി.അതിനിടെ തുർക്കി നാവിക കപ്പൽ കറാച്ചി തുറമുഖത്ത് എത്തിയത് സൗഹാർദ സന്ദർശമെന്നാണ് പാകിസ്താൻ വിശദീകരണം. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം. അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തു.