പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ കണ്ടെത്തിയതായി സൂചന; ഭീകരർ സൈന്യത്തിന് നേരെ വെടിവെച്ചെന്നും റിപ്പോർട്ട്

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ സുരക്ഷാസേന വനമേഖലയിൽ കണ്ടെത്തിയതായി സൂചന. ഭീകരർ സൈന്യത്തിന് നേരെ വെടിവെച്ചെന്നും റിപ്പോർട്ടുകളുണ്ട്. ത്രാൽ, കൊക്കെർനാഗ് മേഖലകളിലാണ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ.മേഖലകളിൽ സൈന്യം തിരച്ചിൽ നടത്തുകയാണ്. എന്നാൽ ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഭീകരവാദികൾ എത്തിയത് വനമേഖലയിലൂടെ 35 കിലോമീറ്റർ സഞ്ചരിച്ചെന്നാണ് അന്വേഷ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊക്കേർനാഗ് വനമേഖലയിലൂടെയാണ് ഭീകരർ എത്തിയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൂന്ന് വിദേശികളും ഒരു പ്രാദേശിക ഭീകരനും സംഘത്തിൽ ഉണ്ടായിരുന്നതാണ് സൂചന. ഭീകരരുമായി ബന്ധമുള്ള നിരവധിപേരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

അതിനിടെ അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഏതുവിധേനയും ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സംയുക്ത സേന മേധാവിയു മായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പ്രധാനമന്ത്രിയെ കണ്ടു സ്ഥിതി ധരിപ്പിച്ചു. കഴിഞ്ഞദിവസം പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്റെ മോചനത്തിന് ആയുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

അതേസമയം, പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ചൈന യുകെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിനെതിരെ സൈനിക നടപടികളിലേക്ക് കടക്കും എന്നാണ് പാകിസ്താൻ മന്ത്രിമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *