പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ സ്വാതന്ത്യം നൽകിയതും ഭീകരാക്രമണത്തിൽ സിപ്ലൈൻ ഓപ്പറേറ്റർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. പുലിപ്പല്ല് കൈവശം വച്ചതിന് റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതും കാനഡയിൽ ജനപ്രതിനിധി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ച ലഭിച്ചതുമാണ് മറ്റ് പ്രധാന വാർത്തകൾ.
പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ ഇന്ത്യ. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തിരിച്ചടിക്കാനുള്ള രീതി, ലക്ഷ്യങ്ങൾ ഏതൊക്കെ, തിരിച്ചടിക്കാനുള്ള സമയം എന്നിവയിൽ തീരുമാനമെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണവും താൽക്കാലികമായി അടയ്ക്കുന്നു. അനന്ദ്‌നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും. ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.