പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാഹുൽ​ഗാന്ധിക്കെതിരെ പോസ്റ്റുമായി രം​ഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരെ കേസ്

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ പോസ്റ്റുമായി രം​ഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു. കോൺ​ഗ്രസ് നേതാവിന്റെ പരാതിയിൽ ബെം​ഗളൂരു ഹൈ​ഗ്രൗണ്ട്സ് പോലീസാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ ​ഗാന്ധിയുടെ വിദേശ പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കർണാടക ബിജെപിയുടെ എക്സ് പേജിലെ പോസ്റ്റ്. ‘ഓരോ തവണ രാഹുൽഗാന്ധി രാജ്യം വിടുമ്പോഴും നാട്ടിൽ ഒരു കുഴപ്പം സംഭവിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. #PahalgamTerroristAttack, #Hindus തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതോടൊപ്പം പങ്കുവച്ചിരുന്നു.

ട്വീറ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രം​ഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കർണാടക പിസിസി ലീ​ഗൽ സെൽ മേധാവി സി.എം ധനഞ്ജയയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ബിജെപി ഐടി സെൽ വ്യാജ വാർത്തകളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഭീകരാക്രമണത്തിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലെ പരാജയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനും ബിജെപി നടത്തുന്ന ശ്രമമാണിതെന്നും ധനഞ്ജയ ആരോപിച്ചു.

പരാതിയിൽ, വിവിധ വിഭാ​ഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കലിനും വ്യാജ പ്രചാരണത്തിനും ബിഎൻഎസ് 196, 353(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിലവിൽ അമേരിക്കയിലുള്ള രാഹുൽ ​ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *