പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിതാരേ സമീൻ പർ എന്ന അമീർഖാൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഈ ആഴ്ചയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം എടുത്തത്. ഈ ആഴ്ച ഒരു ഹൈ പ്രൊഫൈൽ ലോഞ്ച് ഇവന്റിൽ ട്രെയിലർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനകം തന്നെ കാര്യമായ പ്രമോഷൻ നടന്നിരുന്നതായും എന്നാൽ ഈ സമയത്ത് ലോഞ്ച് ചെയ്യുന്നത് അനുചിതമാണെന്ന് ആമിർ ഖാനും സംഘവും കരുതിയതായും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ട്രെയിലർ ലോഞ്ചിനുള്ള പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ ചൈനയിലെ തന്റെ ആരാധക ക്ലബ്ബുകളിലൊന്നുമായുള്ള സംഭാഷണത്തിനിടെ വരാനിരിക്കുന്ന ചിത്രമായ ‘സിതാരേ സമീൻ പർ’ നെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആമിർ ഖാൻ വെളിപ്പെടുത്തിയിരുന്നു. സ്പാനിഷ് ചിത്രമായ ‘ചാമ്പ്യൻസ്’ എന്ന സിനിമയുടെ റീമേക്കാണ് ‘സിതാരേ സമീൻ പർ’ എന്ന് ആമിർ വെളിപ്പെടുത്തി. അതിൽ താൻ ബാസ്കറ്റ്ബോൾ പരിശീലകന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ആമിർ വ്യക്തമാക്കി. താരേ സമീൻ പറിലെ തന്റെ കഥാപാത്രമായ നികുംഭ് വളരെ സെൻസിറ്റീവ് ആയ വ്യക്തിയായിരുന്നു. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേര് ഗുൽഷൻ എന്നാണ്. അയാളുടെ വ്യക്തിത്വം നികുംഭിന് നേർ വിപരീതമാണെന്ന് തന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ആമിർ ഖാൻ പറഞ്ഞു.