പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കൊച്ചിയിലെ ഓഫീസിലടക്കം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പകുതിവില തട്ടിപ്പ് കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളിലും അനന്തുവിന്റെ മൊഴിയിലും വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ചിൻ്റെ ലക്ഷ്യം.
20,163 പേരിൽ നിന്ന് 60,000 രൂപ വീതവും 4035 പേരിൽ നിന്ന് 56,000 രൂപയും അനന്തു വാങ്ങിയെന്നും അനന്തുവിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 143 കോടി രൂപ വന്നെന്നുമാണ് കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് സൂചിപ്പിച്ചിരിക്കുന്നത്. അനന്തുവിന്റെ കടവന്ത്രയിലുള്ള സോഷ്യൽ ബീ വഞ്ചേഴ്സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകൾ വഴി 548 കോടി രൂപ എത്തിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് അനന്തു കൃഷ്ണനും പ്രതികരിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ അനന്തുവിനെ കെയ്യിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പും നടത്തും. അതേസമയം, കണ്ണൂരിൽ തട്ടിപ്പിനിരയായ സ്ത്രീകൾ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
hOg2AqOST0P