കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച തീരദേശ സമരയാത്ര നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ മാറ്റിവെച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 21 മുതല്‍ 29 വരെയായിരുന്നു തീരദേശ സമരയാത്ര തീരുമാനിച്ചിരുന്നത്.
എല്ലാ ജില്ലകളിലും യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം കടപ്പുറത്ത് സമാപിക്കുന്ന രീതിയിലായിരുന്നു തീരദേശയാത്ര ക്രമീകരിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പിന് ശേഷം തീരദേശ സമരയാത്രയുടെ തീയതി നിശ്ചയിക്കും. പത്തു ലക്ഷം മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കടല്‍ മണല്‍ ഖനനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് തീരദേശ സമരയാത്ര പ്രഖ്യാപിച്ചത്. കേരള സര്‍ക്കാര്‍ കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. നിയമസഭയില്‍ പ്രമേയം വന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിനു വഴങ്ങിയാണ് പ്രമേയം പാസ്സായതെങ്കിലും കൊല്ലം തീരത്ത് സര്‍വ്വേക്ക് വന്ന കേന്ദ്ര ഖനന മന്ത്രാലയത്തിന് ധനസഹായം നല്‍കി പ്രോത്സാഹിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നും എം.എം. ഹസന്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേതു പോലെ ഇന്ധന സബ്‌സിഡി നല്‍കുക, കടലാക്രമണത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, തീരദേശ ഹൈവേക്ക് വേണ്ടി കുടി ഒഴിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ തീരദേശത്ത് തന്നെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചാണ് തീരദേശ സമരയാത്ര യു.ഡി.എഫ് പ്രഖ്യാപിച്ചത്.