കോഴിക്കോട് കട്ടിപ്പാറയിൽ നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്ക്ക് നിയമനാംഗീകാരം. അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ ഫെബ്രുവരി 19 നാണ് അലീന ബെന്നി ആത്മഹത്യ ചെയ്തത്. മാർച്ച് 15 നാണ് അലീനയെ LPST ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്. 9 മാസത്തെ ശമ്പളആനുകൂല്യങ്ങളാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക.
കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തത്തിന്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെതന്നെ ആരോപിച്ചിരുന്നു. അഞ്ച് വർഷമായി ശമ്പളം കിട്ടിയിരുന്നില്ലെന്നും കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്കൂളിൽ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പളം കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്. 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലെ സ്കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറായില്ല. കാട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു.