നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇന്നലെത്തേതിന്റെ തുടര്‍ച്ചയായി ഇന്നും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലും പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തുകയുണ്ടായി. അതേസമയം തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെയായി 5 ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ലഷ്‌കര്‍ ഇ തയ്ബ (എല്‍ഇടി) കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ വീടുകളാണ് തകര്‍ത്തത്. ഷോപിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ എല്‍ഇടി പ്രവര്‍ത്തകര്‍ക്കും ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്നവര്‍ക്കുമെതിരെ സുരക്ഷാ സേന നടപടികള്‍ കടുപ്പിച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ക്ക്, ഹാരിസ് അഹമദ് എന്നിവരുടെ വീടുകളാണ് അധികൃതര്‍ തകര്‍ത്തത്. കുല്‍ഗാമിലുള്ള സാഹിദ് അഹമദ് എന്ന ഭീകരന്റെ വീടും തകര്‍ത്തിട്ടുണ്ട്. ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നീ ഭീകരരുടെ വീടുകളും നേരത്തെ തകര്‍ത്തിരുന്നു.