നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; ഒരു രൂപ പോലും സിഎസ്ആർ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു

പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ പ്രതി അനന്തുകൃഷ്ണന്‍റെ കുറ്റസമ്മത മൊഴിയുടെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. സമാഹരിച്ച പണം മുഴുവൻ ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചുവെന്നാണ് അനന്തു മൊഴി നൽകിയത്. ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാൻ വിനിയോഗിച്ചുവെന്നും മൊഴി നൽകി. ജനപ്രതിനിധികളുടെയടക്കം പങ്ക് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 

എറണാകുളത്തെയും ഇടുക്കിയിലെയും രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതായി അനന്തു പൊലീസിനോട് സമ്മതിച്ചു. നിലവിൽ പ്രചരിക്കുന്ന പല പേരുകളും അനന്തുവിന്‍റെ മൊഴിയിലില്ല. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ലാലി വിൻസെന്‍റിന് കൈമാറിയ പണത്തിലും പൊലീസിന് സംശയമുണ്ട്. നിയമോപദേശത്തിന് ഇത്രയും വലിയ തുക നൽകുമോ എന്നതും അന്വേഷിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

കേസിലെ പ്രതിയായ ആനന്ദകുമാറിന്‍റെ ആസൂത്രണത്തിൽ നടന്നതാണ് തട്ടിപ്പെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒരു രൂപ പോലും സിഎസ്ആർ ഫണ്ട് ഇനത്തിൽ കിട്ടിയിട്ടില്ലെന്ന് അനന്തു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആനന്ദകുമാറിന്‍റെ ആസൂത്രണം പൊലീസ് സംശയിക്കുന്നത്.

സംസ്ഥാനത്തെ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ പറയുന്നത്. അനന്തുവിന്‍റെ ഉന്നത രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *