പതിനാറാം നൂറ്റാണ്ടിലെ രജപുത്ര ഭരണാധികാരി റാണ സംഗയെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരിൽ തന്റെ പാർട്ടിയുടെ ദലിത് എം.പി രാംജിലാൽ സുമന്റെ വീട് തകർത്തവർ കർണി സേനയിലെ അംഗങ്ങളല്ലെന്നും ‘യോഗി സേന’യിലെ അംഗങ്ങളാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പറഞ്ഞു. മാർച്ച് 21ന് സുമൻ രാജ്യസഭയിൽ സംഗക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ആ പരാമർശം നീക്കം ചെയ്തുവെങ്കിലും ആക്രമണം അരങ്ങേറി. ‘കർണി സേന എന്നൊന്നില്ല. സുമന്റെ വീട് ആക്രമിച്ചവർ യോഗി സേനയിലെ അംഗങ്ങളായിരുന്നു. രജപുത്ര സമൂഹം തന്നോടൊപ്പമുണ്ടെന്ന് കാണിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു വ്യായാമമായിരുന്നു അത്’ – ആഗ്രയിലെ സുമന്റെ വീട്ടിൽ സന്ദർശനം നടത്തിയ അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘നമ്മുടെ എം.പിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് സംസ്ഥാന സർക്കാർ ധനസഹായം നൽകി. ന്യൂനപക്ഷങ്ങളെയും ദലിത് സമൂഹങ്ങളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആളുകൾ പ്രതിഷേധത്തിനിടെ ആയുധങ്ങൾ ഉപയോഗിച്ചത്’ -അഖിലേഷ് പറഞ്ഞു. വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താൻ ഹിറ്റ്‌ലർക്ക് ഒരു സൈന്യമുണ്ടായിരുന്നു. യോഗി സേനയും അതേ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരും ഉത്തർപ്രദേശിലെ അധികാരികളും തമ്മിലുള്ള മേധാവിത്വ പോരാട്ടം മൂലമാണ് ഇത് സംഭവിക്കുന്നതെന്നും എസ്.പി പ്രസിഡന്റ് കൂട്ടിച്ചേർത്തു.