ത്സാർഖണ്ഡിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ടു മരണം

ത്സാർഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിൽ ചരക്ക് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഊർജ കമ്പനിയായ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.‌ടി‌.പി.‌സി) സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. ഗുഡ്‌സ് ട്രെയിനുകളിലെ ഡ്രൈവർമാരാണ് നേർക്കുനേർ ഉണ്ടായ കൂട്ടിയിടിയിൽ മരിച്ചതെന്ന് സാഹെബ്ഗഞ്ച് സബ് ഡിവിഷനൽ പോലീസ് ഓഫിസർ കിഷോർ തിർക്കി വാർത്ത ഏജൻസിയോട് പറഞ്ഞു.

പുലർച്ചെ മൂന്ന് മണിയോടെ ബർഹൈത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭോഗ്നാദിഹിന് സമീപമാണെന്ന് അപകടമുണ്ടായത്. അപകടം നടന്ന ട്രാക്കുകളും എൻ.‌ടി‌.പി.‌സിയുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രധാനമായും അവരുടെ പവർ പ്ലാന്റുകളിലേക്ക് കൽക്കരി കൊണ്ടുപോകുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

അതേസമയം അപകടത്തിന് ഇന്ത്യൻ റെയിൽ‌വേയുമായി ഒരു ബന്ധവുമില്ലെന്ന് ഈസ്റ്റേൺ റെയിൽ‌വേ വക്താവ് കൗസിക് മിത്ര പറഞ്ഞു. അപകടം നടന്ന ലൈൻ ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ എൻ‌.ടി‌.പി‌.സിയുടെ കഹൽഗാവ് സൂപ്പർ തെർമൽ പവർ സ്റ്റേഷനെയും പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പവർ പ്ലാന്റിനെയും ബന്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *