തിരുവനന്തപുരം ശാഖകുമാരി വധക്കേസിൽ പ്രതിയായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മധ്യവയസ്കയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ മാസം 26ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ട ശാഖാകുമാരിയുടെ ഭർത്താവാണ് പ്രതി അരുൺ. വിവാഹം വേണ്ടെന്നു വച്ചു കഴിഞ്ഞു വന്നിരുന്ന 52 വയസ്സുകാരിയായ ശാഖാകുമാരി ചെറുപ്പകാരനും 28 വയസ്സകാരനുമായ പ്രതി അരുണുമായി പിൽക്കാലത്തു പ്രണയത്തിൽ ആയി.
തിരുവനന്തപുരം നഗരത്തിലെ ചില ആശുപത്രികളിൽ ഇലക്ട്രീഷ്യൻ ആയിരുന്നു പ്രതിയായ അരുൺ. വലിയ സ്വത്തിനു ഉടമയായിരുന്നു ശാഖകുമാരി. തന്റെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണം എന്ന ആഗ്രഹമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. 50 ലക്ഷം രൂപയും 100 പവൻ സ്വർണവും ആയിരുന്നു അരുൺ വിവാഹ പരിതോഷികം ആയി ഡിമാൻഡ് ചെയ്തിരുന്നത്. ക്രിസ്ത്യൻ മാതാചാരപ്രകാരം നടന്ന വിവാഹത്തിൽ വരന്റെ ഭാഗത്തു നിന്നും ഒരു സുഹൃത്ത് മാത്രമേ പങ്കെടുത്തുള്ളൂ. വിവാഹം രഹസ്യ മായിരിക്കണമെന്നും വിവാഹ ഫോട്ടോ, വീഡിയോ ഒന്നും മീഡിയയിൽ പ്രചരിപ്പിക്കാൻ പാടില്ല എന്നും പ്രതി നിർബന്ധിച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ബന്ധുക്കളിൽ ചിലർ വിവാഹ ഫോട്ടോസ് മീഡിയ മുഖേനെ പ്രചരിപ്പിച്ചത് അരുണിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
വിവാഹ ശേഷം അരുൺ ഭാര്യ വീട്ടിൽ തന്നെ കഴിഞ്ഞു വന്നു. വിവാഹത്തിന് മുന്നേ തന്നെ പ്രതി ധാരാളം പണവും കാർ, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങുകയും ആഡംബര ജീവിതം നയിച്ചും വന്നു. പക്ഷെ കുട്ടികൾ വേണമെന്ന ആവശ്യത്തിൽ നിന്നും അരുൺ വിമുഖത കാണിച്ചു വന്നിരുന്നു. കൂടാതെ ഇലക്ട്രിഷ്യൻ ആയ പ്രതി ഒരു നാൾ വീട്ടിൽ വച്ചു ഓവൻ റിപ്പയർ ചെയ്യുന്നതായി ഭാവിച്ചു ശാഖാകുമാരിയുടെ കൈയിൽ ഷോക്ക് ഏല്പിക്കാൻ ആദ്യ ശ്രമം നടത്തിയിരുന്നു. അന്ന് ശാഖാകുമാരി തല നാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി കൊണ്ട് നിയമപരമായ ഭർത്താവ് എന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു പ്രതി അരുൺ ലക്ഷ്യമിട്ടിരുന്നത്.