തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്. പരിശോധനയിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന. എല്ലാ മുറിയിലും കയറാനാണ് തീരുമാനം. വൈകുന്നേരം വരെ പരിശേധന നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടത്തിയ അറസ്റ്റിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തുന്നത്. കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തും. നിരവധി മുറികളുള്ള ഹോസ്റ്റലാണിത്.
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധന ഇപ്പോഴും തുടരുകയാണ്. ബാക്കിയുള്ള മുറികളിലും പരിശോധന നടത്തും. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധന നടത്തിയ ചില മുറികളിൽ നിന്ന് കുറഞ്ഞ അളവിലാണ് കഞ്ചാവ് പിടികൂടിയത്. 200ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. കേരള സര്‍വകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിക്കുന്നത്.