ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘർഷം കൂടുമെന്നുമാണ് പാകിസ്ഥാൻ നിലവിൽ പറയുന്നത്.
കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാകിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ൽ നിന്ന് അംഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാകിസ്ഥാനും കുറച്ചിരുന്നു. നിലവിൽ നയതന്ത്ര പ്രതിനിധി ഗീതിക ശ്രീവാസ്തവയെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.