തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 1000 കടന്നു. 2500ലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു. മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1002 മൃതദേഹങ്ങൾ കണ്ടെടുത്തതായി സർക്കാർ അറിയിച്ചു. 2376 പേർക്കു പരിക്കു പറ്റിയതായാണ് ഔദ്യോഗിക കണക്കുകൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി. അതേസമയം ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിന് കൈത്താങ്ങായി ഇന്ത്യ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലാമ്പ്, ജനറേറ്റർ അടക്കം 15 ടൺ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങൾ ഇന്ത്യ മ്യാന്മറിലേക്ക് അയച്ചു.ബാങ്കോക്കിൽ നിലവിൽ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.